Thursday, November 29, 2012

മറഞ്ഞത്‌ പ്രശസ്‌തിയിലും ലാളിത്യം കൈമോശം വരാത്ത പണ്ഡിതന്‍


വണ്ടൂര്‍ . പാണ്ഡിത്യമായിരുന്നു ഇന്നലെ നിര്യാതനായ കെ. അലവി മൌലവിയുടെ സമ്പത്ത്‌. പ്രശസ്‌തിയുടെ ഉന്നതിയിലും ലളിതജീവിതം നയിച്ചു. പള്ളികളിലും ജാമിഅ വഹബിയ്യയിലും ഏറെക്കാലം ചെലവഴിച്ചു. വാദപ്രതിവാദങ്ങളുടെ വാളെടുക്കാത്ത സൌമ്യമായ പെരുമാറ്റം ഏവരെയും ആകര്‍ഷിച്ചു. ഖാസിയായ മഹല്ലുകളില്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ അന്തിമമായിരുന്നു.

ചെര്‍പ്പുളശ്ശേരി കുറ്റിക്കോടാണ്‌ ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ തട്ടകം മലപ്പുറം ജില്‍ളയായിരുന്നു. എട്ടുവര്‍ഷത്തോളം മതപണ്ഡിതന്‍ കെ.കെ. സദഖത്തുല്ല മൌലവിയുടെ ശിഷ്യനായി വണ്ടൂര്‍ ദര്‍സില്‍ പഠിച്ചു. ഇടയ്ക്കു കുറച്ചുകാലം ഉപരിപഠനത്തിനായി വെല്ലൂരില്‍. സദഖത്തുല്ല മൌലവിയുടെ പിന്‍ഗാമിയായി 1985 മുതല്‍ ജാമിഅ വഹബിയയുടെ അമരത്തെത്തി. ഇരുപതോളം മഹല്ലുകളുടെ ഖാസിയും ആയി.

കേരളസംസ്ഥാന ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക അംഗമായ കാലം മുതല്‍ സംഘടനയുടെ വളര്‍ച്ചയ്ക്കു പിന്നില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. 80 മുതല്‍ വൈസ്‌ പ്രസിഡന്റാണ്‌. അലവി മൌലവിയുടെ മതപ്രഭാഷണരീതി വ്യത്യസ്‌തമായിരുന്നു. സംഗീതം പോലെ ഒഴുകിയെത്തുന്ന വാക്കുകള്‍ പഴയ തലമുറയെ ഒരുപാട്‌ ആകര്‍ഷിച്ചിരുന്നു. സ്‌ത്രീകളടക്കം നൂറുകണക്കിനു പേരാണ്‌ അതുകേള്‍ക്കാന്‍ മൈതാനങ്ങളില്‍ തടിച്ചുകൂടിയിരുന്നത്‌.

പ്രായത്തിന്റെ അവശതയ്ക്കിടയില്‍പോലും വണ്ടൂരില്‍ നടക്കുന്ന സദഖത്തുല്ല മൌലവി ആണ്ടനുസ്മരണ സമ്മേളനങ്ങളിലും ജാമിഅ വഹബിയയ്യുടെ ചടങ്ങുകളിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നു.
ആരോഗ്യം അനുവദിക്കുമ്പോഴൊക്കെ ാ‍സ്‌ മുറികളില്‍ എത്തി. സംസ്ഥാനം മുഴുവന്‍ പരന്നുകിടക്കുന്ന ശിഷ്യഗണങ്ങള്‍ അവസരം കിട്ടുമ്പോഴെല്ലാം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇന്നലെ മരണവിവരം അറിഞ്ഞതു മുതല്‍ ആയിരങ്ങളാണ്‌ പള്ളിക്കുന്നിലെ വീട്ടിലേക്ക്‌ ഒഴുകിയെത്തിയത്‌.

No comments:

Post a Comment