Thursday, July 19, 2012

കെ.കെ. അബ്‌ദുല്ല മുസ്‌ല്യാര്‍ :എന്റെ ഗുരു-ഹൈദരലി ശിഹാബ്‌ തങ്ങള്‍

കെ.കെ. അബ്‌ദുല്ല മുസ്‌ല്യാര്‍ :എന്റെ ഗുരു-പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ഫത്‌വാ കമ്മിറ്റി മെമ്പറും സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ ഉപാദ്ധ്യക്ഷനും പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിക്‌ കോളജ്‌, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക്‌ കോളജ്‌ എന്നിവയുടെ മുന്‍ പ്രിന്‍സിപ്പലും കരുവാരക്കുണ്ട്‌ ദാറുന്നജാത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ വൈസ്‌ പ്രസിഡണ്ടും നിരവധി ശിഷ്യസമ്പത്തിന്റെ ഉടമയും എന്റെ വന്ദ്യഗുരുവുമായ കെ.കെ. അബ്‌ദുല്ല മുസ്‌ല്യാര്‍ കരുവാരക്കുണ്ട്‌ നമ്മോട്‌ വിടപറഞ്ഞു. അല്ലാഹു മഹാന്റെ സേവനങ്ങളെ ഖബൂല്‍ ചെയ്യുകയും അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ. ആമീന്‍.
ഖിറാഅത്തിലും തജ്‌വീദിലും പ്രാവീണ്യം നേടിയ ഹാജി ഉണ്ണീന്‍ പാഴുവള്ളി എന്ന ഉസ്‌താദില്‍ നിന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ പാരായണം പഠിച്ചത്‌. സ്വദേശമായ മനഴിയിലുള്ള സ്‌കൂളില്‍നിന്നും അഞ്ചാം ക്ലാസ്‌ വരെ ഭൗതികപഠനം നടത്തിയ ശേഷം 1943-ല്‍ മഹാന്റെ വന്ദ്യപിതാവും സുപ്രസിദ്ധ പണ്ഡിതനുമായിരുന്ന കാട്ടുങ്കണ്ടന്‍ കുഞ്ഞമ്മദ്‌ മുസ്‌ല്യാരില്‍ നിന്ന്‌ മതപഠനം ആരംഭിച്ചു. കരുവാരക്കുണ്ട്‌ ജുമാമസ്‌ജിദിലായിരുന്നു അന്ന്‌ പിതാവ്‌ ദറസ്‌ നടത്തിയിരുന്നത്‌. 1944-ല്‍ കരുവാരക്കുണ്ടില്‍നിന്നു കാവനൂരിലേക്ക്‌ ബാപ്പ ദറസ്‌ മാറ്റിയപ്പോള്‍ ഉസ്‌താദ്‌ അവര്‍കളും ബാപ്പയെ അനുഗമിച്ചു.
ബാപ്പയോട്‌ കൂടെ തന്നെ വെള്ളുവങ്ങാട്‌, തുവ്വൂര്‍ എന്നീ ദറസുകളിലും പഠനം നടത്തുകയുണ്ടായി. ആലിപ്പറമ്പ്‌ സ്വദേശിയും പ്രമുഖ പണ്ഡിതനുമായിരുന്ന കുഞ്ഞീതു മുസ്‌ല്യാര്‍ തുവ്വൂരില്‍ ഖാസിയും മുദരിസുമായി ചാര്‍ജെടുത്തപ്പോള്‍ അവിടെ തന്നെ പഠനം തുടര്‍ന്നു. പിന്നീട്‌ വാഴക്കാട്‌ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു. പറവണ്ണ അബുല്‍ ബശീര്‍ കെ.പി.എ. മൊയ്‌തീന്‍കുട്ടി മുസ്‌ല്യാര്‍ ആയിരുന്നു പറവണ്ണക്ക്‌ ശേഷം മുദരിസായി ചാര്‍ജെടുത്തത്‌.
സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉമലായുടെ പ്രഥമ മുശാവറ മെമ്പറും ദീര്‍ഘകാലം സമസ്‌തയുടെ പ്രസിഡണ്ടുമായിരുന്ന കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്‌ല്യാരായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാനും ഉസ്‌താദിനു സൗഭാഗ്യം ലഭിച്ചു. 1951-ല്‍ വാഴക്കാട്ടില്‍ നിന്നും പഠനം നിറുത്തി കാളികാവില്‍ ചെറിയത്‌ മുസ്‌ല്യാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വണ്ടൂര്‍ ആലിക്കുട്ടി മുസ്‌ല്യാരില്‍ നിന്നും അതിനു ശേഷം ബാപ്പയോടൊപ്പം തന്നെ ആനക്കയത്തും പഠനം തുടര്‍ന്നു.
1987-ല്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ഖാദിയാനികളുടെ വാദങ്ങളെ ഖണ്ഡിക്കാനുള്ള ഉസ്‌താദിന്റെ കഴിവ്‌ അപാരമായിരുന്നു. ഞാന്‍ ഉള്‍പ്പെടെ മര്‍ഹൂം നാട്ടിക വി. മൂസ മുസ്‌ല്യാര്‍, പുറങ്ങ്‌ അബ്‌ദുല്ല മുസ്‌ല്യാര്‍ കാപ്പ്‌ അബ്‌ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ തുടങ്ങിയവര്‍ ഉസ്‌താദിന്റെ ശിഷ്യഗണങ്ങളില്‍പെട്ടവരാണ്‌.

No comments:

Post a Comment