Wednesday, April 17, 2013
വാക്കിലും വരയിലും നിറഞ്ഞ ബഷീര്‍
വാക്കിലും വരയിലും നിറഞ്ഞ ബഷീര്‍
- കെ.പി കുഞ്ഞിമ്മൂസ
Posted On: 4/13/2013 11:02:54 PM
ജനപ്രിയ പുരസ്‌കാരം സഹപാഠി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് ഏറ്റുവാങ്ങി നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ തികയുന്നതിന് മുമ്പാണ് കണ്ണഞ്ചേരിയിലെ 'സ്വര്‍ഗ്ഗം' വസതിയില്‍ സി.പി.എം ബഷീര്‍ കണ്ണടച്ചത്. മൈത്രി ഫോറത്തിന്റെ അവാര്‍ഡ് തുക കിട്ടിയ ഉടന്‍ കാരുണ്യ പ്രവര്‍ത്തനത്തിന് വേദിയില്‍ സംഭാവന ചെയ്ത ബഷീറിനെ എഴുത്തുകാരനായ വി.ആര്‍ ഗോവിന്ദനുണ്ണി അഭിനന്ദിച്ച സന്ദേശവും ബഷീറിന്റെ മരണവിവരമറിയിച്ചുകൊണ്ടുള്ള പുത്രിയുടെ ഫോണ്‍കോളും ഒന്നിച്ചാണ് വന്നത്. ബഷീറിന്റെ മരണംപോലെ ജീവിതവും ഒരത്ഭുതമായിരുന്നു.
ചന്ദ്രികയായിരുന്നു ബഷീറിന്റെ ആദ്യകളരി. അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ ആദ്യത്തിലും ചന്ദ്രികയില്‍ ജോലി ചെയ്യവേ മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രമേയങ്ങളും നിവേദനങ്ങളും തയാറാക്കാന്‍ അന്ന് സംസ്ഥാന പ്രസിഡണ്ടായ ഞാന്‍ ബഷീറിനെയാണേല്‍പ്പിക്കുക പതിവ്.
വിവിധ വിഷയങ്ങളില്‍ വ്യത്യസ്ത തൂലികാ നാമങ്ങളില്‍ അനേകം ലേഖനങ്ങള്‍ ബഷീര്‍ ചന്ദ്രികക്ക് നല്‍കിക്കൊണ്ടിരുന്നു. ബഷീറിന്റെ കര്‍മ്മചൈതന്യം കണ്ട് സി.എച്ചും പി.എയും വി.സിയും ഭാവിയുള്ള ഈ ചെറുപ്പക്കാരനെ കണക്കറ്റു പ്രോത്സാഹിപ്പിച്ചു.
പരപ്പില്‍ എം.എം ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ ഊര്‍ജ്ജസ്വലനായിരുന്നുവെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ ആവര്‍ത്തിച്ചു പറയാറുണ്ട്.
നാഷനല്‍ സേവിംഗ്‌സിലുള്ള ബഷീറിന്റെ ചേക്കേറല്‍ പത്രപ്രവര്‍ത്തന രംഗത്ത് ഒരു നഷ്ടവും വരുത്തിയില്ല. പലതവണ മികച്ച സേവനത്തിന് അവാര്‍ഡും ഗുഡ് സര്‍വീസ് എന്‍ട്രിയും അദ്ദേഹത്തെ തേടി എത്തുമ്പോള്‍ നടന്നുവന്ന പാത ബഷീര്‍ ഓര്‍ക്കും. എ.എം കുഞ്ഞിബാവ എന്ന ആദ്യകാല ചന്ദ്രികാ വാരിക പത്രാധിപര്‍ താനൂരില്‍ ശയ്യാവലംബിയായപ്പോള്‍ പുരസ്‌കാരവുമായി ബഷീര്‍ സഹപ്രവര്‍ത്തകരുമായെത്തി. ചന്ദ്രികയുടെ മുന്‍ റിപ്പോര്‍ട്ടറും തൊഴിലാളി നേതാവുമായിരുന്ന ഇ.കെ.കെ മുഹമ്മദിനെ ആദരിക്കാന്‍ കാലത്തിന്റെ സാക്ഷി എന്ന പുസ്തകവുമായി കടവത്തൂരിലേക്ക് സഹപ്രവര്‍ത്തകരുടെ യാത്ര സംഘടിപ്പിച്ചതും ബഷീറായിരുന്നു.
ആകാശവാണിയുടെ വിവിധ നിലയങ്ങളില്‍ ബഷീറിന്റെ ശബ്ദംമുഴങ്ങി
ഫുട്ബാള്‍കളിയും തെരഞ്ഞെടുപ്പും ബഷീറിന് ഹരമുള്ള വിഷയങ്ങളായിരുന്നു. എല്ലാ രാഷ്ട്രീയ സംഘടനകളെകുറിച്ചും മുന്നണിയെ സംബന്ധിച്ചും ചിഹ്നങ്ങളെപറ്റിയും മാത്രമല്ല കൊമ്പുകുലുക്കുന്ന വമ്പന്മാരെക്കുറിച്ചും ആഴത്തില്‍ പഠിച്ചു. തെരഞ്ഞെടുപ്പ് വേളകളില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു റഫറന്‍സ് ഗ്രന്ഥമായിരുന്നു ബഷീര്‍. എട്ടുവര്‍ഷം മുമ്പ് വളണ്ടിയര്‍റിട്ടയര്‍മെന്റ് സ്‌കീം പ്രകാരം സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് ബഷീര്‍ പുസ്തക രചനയിലേര്‍പ്പെട്ടത്. സ്ത്രീകള്‍ക്ക് ഒരു ഹോം ഗൈഡ് എന്ന പുസ്തകം ഏറെ ശ്രദ്ധേയവുമായി. ബഹുമുഖ പ്രതിഭയായ ബഷീര്‍ കോഴിക്കോടിന്റെ ചരിത്രത്തില്‍ ശ്രദ്ധയുന്നി അനേകം ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. ഏറ്റവുംഅവസാനം തനിക്കുള്ള പ്രശംസാപത്രം കാലിക്കറ്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി ചെയര്‍മാനായി നിയമിതനായ എന്‍.സി അബൂബക്കറില്‍ നിന്ന് ഏറ്റുവാങ്ങാനുള്ള സൗഭാഗ്യവും ബഷീറിന് ലഭിച്ചു.
അവാര്‍ഡ് നല്‍കുന്നതിന്റെ രണ്ടുദിവസം മുമ്പ് ഹൈദരലി ശിഹാബ്തങ്ങള്‍ ബഷീറിന്റെ വീട്ടിലെത്തി ഒരുമണിക്കൂറോളം വിദ്യാലയകഥകള്‍ അയവിറക്കിയതും അവാര്‍ഡ് നല്‍കാന്‍ തിയ്യതി നിശ്ചയിച്ചതും ഒരു വലിയ ഭാഗ്യമായി ബഷീര്‍ എടുത്തുപറഞ്ഞിരുന്നു. മരണ വിവരമറിഞ്ഞ ഉടനെ തങ്ങള്‍ക്ക് എത്താനുമായി.
Labels:
സി.പി.എം ബഷീര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment