Sunday, December 4, 2011

പത്തായക്കോടന്റെ ഒറ്റമൂലി

പത്തായക്കോടന്റെ ഒറ്റമൂലി (സി.പി. സൈതലവി)
"ഡിവൈ.എസ്.പിയെ കൊന്നാലും വകുപ്പ് 302 ആണ്. ഡിവൈ.എസ്.പിക്കു വെടിവെക്കാന്‍ മേലധികാരിയുടെ ഉത്തരവു വേണ്ടിവരും. എന്നാ പത്തായക്കോടന്റെ തോക്കിനതു വേണ്ട. ഓര്‍ത്തു നടന്നോ. ഇനി എന്റെ കുട്ടികളെ തൊട്ടാല്‍ ചുടും ഞാന്‍'. സീതി ഹാജിയുടെ പ്രസംഗം കത്തിക്കയറുകയാണ്. അറബി ഭാഷാസമരത്തിനു നേരെ മലപ്പുറത്ത് വെടിവെച്ച് മൂന്നു യുവാക്കളെ കൊന്നുതള്ളിയ ഇടതുഭരണം. ഇരുപതില്‍പരം യുവാക്കള്‍ക്കു വെടിയേറ്റ മാരക പരിക്ക്. ക്രൂരമര്‍ദ്ദനമേറ്റ നൂറുകണക്കിനു പേര്‍ വേറെ. "കണ്ടാലറിയുന്ന' ആറായിരത്തോളം പേര്‍ക്കെതിരെ കള്ളക്കേസ്. സി.പി.എമ്മുകാരുടെയോ പൊലീസിന്റെയോ കണ്ണില്‍പെടുന്നവര്‍ കേസില്‍ പ്രതിയാകുമെന്നുറപ്പ്.
യൂത്ത്ലീഗ് പ്രവര്‍ത്തകരെ തേടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് തെരുവുകളില്‍ കിതച്ചോടുകയാണ്. റമസാന്‍ മാസം. അജ്ഞാതമായ ഒരു ഭീതി ജനങ്ങളെ വലയം ചെയ്തിരിക്കുന്നു. ജില്ല നിരോധനാജ്ഞയിലാണ്. കേസും പോലീസുമായി പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താനുള്ള ശ്രമമാണ് ഭരണകൂടത്തിന്റേത്. വെടിവെയ്പ്പിന് നേതൃത്വം നല്‍കിയ പെരിന്തല്‍മണ്ണ ഡിവൈ.എസ്. പി. തന്നെയാണ് വേട്ടക്കും നേതൃത്വം നല്‍കുന്നത്.
ഗള്‍ഫ് പ്രവാഹത്തിന്റെ ആരംഭഘട്ടമാണ്. പാസ്പോര്‍ട്ട് തടഞ്ഞും കേസില്‍ പെടുത്തിയും പലരുടെയും യാത്ര മുടങ്ങുന്നു. ജീവിതം വഴിമുട്ടിപ്പോവുകയാണ്. സ്ഥിതിഗതികള്‍ പിടിവിടുന്നുവെന്നുറപ്പായിത്തുടങ്ങി. നിയമസഭാ സമ്മേളനം കഴിഞ്ഞ് സീതി ഹാജി കുതിച്ചെത്തി. മലപ്പുറത്ത് പെട്ടെന്നൊഴുകിയെത്തിയ പതിനായിരങ്ങളുടെ സമ്മേളനം.
കൂറ്റന്‍ മരക്കൊമ്പ് പിഴുതെടുത്ത് എതിരാളിയോടേറ്റുമുട്ടാന്‍ കൊടുങ്കാറ്റുപോലെ വരുന്ന പുരാണകഥയിലെ വീരനെപോലെ സീതി ഹാജി കൈകള്‍ വായുവില്‍ ചുഴറ്റി പ്രസംഗിക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവിന്റെ ഉപചാര പ്രസംഗമല്ല. സ്വന്തം ചോരയില്‍ തട്ടി മുറിവേറ്റ ഉടപ്പിറപ്പിന്റെ ഒടുങ്ങാത്ത രോഷം. അധികം ദൂരെയല്ലാതെ കേട്ടുനില്‍ക്കുന്നുണ്ട് അതേ ഡി വൈ എസ് പിയും യുദ്ധസജ്ജമായ പൊലീസ്, അര്‍ധസൈനിക വ്യൂഹവും.
സീതി ഹാജിയുടെ പ്രസംഗം അതിര് കടക്കുന്നുവെന്നും അതിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കി അയക്കണമെന്നുമുള്ള ആഭ്യന്തരവകുപ്പ് നിര്‍ദേശത്തിന്റെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടി സീതിഹാജി വിളിച്ചുപറഞ്ഞു: ""പത്തായക്കോടന്റെ നാവിന് ചങ്ങലയിടാമെന്ന് ആരും കരുതേണ്ട. എന്നെ തടുക്കാമെന്നും. എന്റെ പ്രസംഗം മുഴുവന്‍ എഴുതിയെടുത്ത് കൊണ്ടുപോയിക്കൊടുക്ക്. എന്തു വരുമെന്നു കാണട്ടെ.'' തോക്കിനെയും പീരങ്കിയെയും കൂസാത്ത ആ മാപ്പിളപ്പൗരുഷത്തിനു മുന്നില്‍ മാര്‍ക്സിസ്റ്റ് യുദ്ധസന്നാഹം അലിഞ്ഞമരുന്നതാണ് പിന്നീട് കേരളം കണ്ടത്. മറ്റു നേതാക്കള്‍ പലരും അദ്ദേഹത്തോട് സൂചിപ്പിച്ചു. ഇത്രയും കടന്ന് പറയണോ? "നിങ്ങളാരും പറയണ്ട, പത്തായക്കോടന് ബെല്ലും ബ്രേക്കുമില്ല, പറയാനുള്ളത് പറയും. അതിന് വരുന്നത് വരും' ഇതു പത്തായക്കോടന്റെ ഒറ്റമൂലിയാണ്.
രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ് ആ സ്വരഗാംഭീര്യം നിലച്ചുപോയിട്ട്. 1991 ഡിസംബര്‍ 5ന് അസ്തമിച്ചുപോയി ഒരു യുഗം.
അനുയായികളുടെ വീരശൂര കഥകളിലും പ്രായഭേദമന്യെ ചിരിച്ചുകുഴഞ്ഞ കെട്ടുകഥകളില്‍ പോലും കേന്ദ്രബിന്ദുവായി ഒരാള്‍. ശൗര്യവും നര്‍മവും ഒരാളില്‍ ഒന്നുചേരുകയെന്ന അസാധാരണ സിദ്ധിയുടെ ഉടമ. സീതിഹാജി ഫലിതങ്ങള്‍ മലയാളി ആഘോഷിച്ചു ഒരു കാലം. കാമ്പസുകളില്‍ സീതിഹാജിക്കഥകള്‍ ജനിച്ചുവളര്‍ന്നു. കാടും കടലും നഗരവും നാട്ടുമ്പുറവും സീതി ഹാജി എന്നു പറഞ്ഞാല്‍ സദാ കൂടെയുള്ള ഒരാളായി തൊട്ടറിഞ്ഞു.
തീവണ്ടി യാത്രക്കിടെ സീതിഹാജിക്കഥ പറഞ്ഞ് ചിരിച്ചു ചിരിച്ചു വശംകെടുന്ന കോളജ് വിദ്യാര്‍ത്ഥികളെ അദ്ദേഹം പരിചയപ്പെട്ടു. തൊപ്പി വെക്കാത്തതുകൊണ്ട് കുട്ടികള്‍ക്ക് ആളെ പിടികിട്ടിയില്ല. കാപ്പി വാങ്ങിക്കൊടുത്ത് സൗഹൃദംകൂട്ടി സ്റ്റോക്കുള്ള കഥകള്‍ മുഴുവന്‍ പറയിച്ചു. പലതും ആദ്യമായി കേള്‍ക്കുകയാണ്. ചിലത് തമാശ പോരെന്ന് മൂപ്പര്‍ തന്നെ പറഞ്ഞു. പുതിയ കഥകള്‍ പിന്നെയും വന്നു. "വിമാനം ലാന്റ് ചെയ്തു. യാത്രക്കാര്‍ ഇറങ്ങാന്‍ തിടുക്കംകൂട്ടി. കോണി എത്തിയിട്ടില്ല. സീതി ഹാജിയാണ് മുന്നില്‍. എയര്‍ഹോസ്റ്റസ് പറഞ്ഞു. പ്ലീസ് വെയ്റ്റ്. ഉടന്‍ ഹാജിയാര്‍: ""പി. സീതി 72 കിലോ'' എന്നു പറഞ്ഞ് താഴോട്ട് ചാടി. അദ്ദേഹം സമ്മതിച്ചു. ഇതു തരക്കേടില്ല. ഇറങ്ങാന്‍ നേരമായിത്തുടങ്ങിയപ്പോള്‍ അദ്ദേഹം ചോദിച്ചു. കുട്ടികളേ നിങ്ങളീ സീതി ഹാജിയെ കണ്ടിട്ടുണ്ടോ? ഇല്ലെന്നു മറുപടി. ""എന്നാല്‍ ആ സീതി ഹാജി ഈ ഞാനാണ്.'' അമ്പരപ്പിനും ജാള്യത്തിനുമിടയില്‍ ചമ്മി നില്‍ക്കുമ്പോഴും യുവാക്കളില്‍ ആദരവ് നിറഞ്ഞു. എന്തൊക്കെയാ പറഞ്ഞത്? എന്നിട്ടും മറ്റാരെയോ കുറിച്ചുള്ള കഥപോലെ ചിരിച്ചാസ്വദിച്ചു കേട്ടിരുന്നു. ഇതൊരു സാധാരണ രാഷ്ട്രീയക്കാരനല്ല. നമ്മള്‍ പറയുന്ന കഥയിലെ വെറും "തമാശ'യല്ല. ഒരു മഹാ പ്രസ്ഥാനമാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ മറക്കരുതെന്ന് പറഞ്ഞ് പിരിഞ്ഞപ്പോള്‍ കുട്ടികളുടെ മനസ്സില്‍ പരിചയപ്പെടാന്‍ വൈകിപ്പോയ ആ മനുഷ്യനന്മ കിടന്നു തുളുമ്പുകയായിരിക്കണം.
മഞ്ചേരിയിലെ വക്കീല്‍ രവീന്ദ്രനാഥ് ഇതുപോലൊരനുഭവം പറഞ്ഞിട്ടുണ്ട്: സീതി ഹാജി ഫലിതങ്ങള്‍ എന്ന പേരില്‍ കഥകള്‍ കുറച്ചൊന്നുമല്ല ഇടതനുഭാവിയായ വക്കീല്‍ വകയായി പുറത്തുവന്നത്. കൊണ്ടോട്ടി എം.എല്‍.എ എന്ന നിലയില്‍ സീതിഹാജിയുടെ മാധ്യസ്ഥ്യത്തിനെത്തിയ കേസില്‍ ഒരു ഭാഗത്ത് വക്കീലുണ്ടായിരുന്നു. അദ്ദേഹം പേര് പറഞ്ഞു പരിചയപ്പെടുത്തി. ഉടന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് സീതിഹാജി പറഞ്ഞു. എന്നെക്കുറിച്ച് കഥകളുണ്ടാക്കുന്ന വക്കീലല്ലേ? എന്നിട്ട് അദ്ദേഹം ചോദിച്ചു: "എന്താണ് നിങ്ങളുടെ ഗ്രീവന്‍സ്?' വക്കീല്‍ പറയുന്നു: ഞാന്‍ അമ്പരന്നതവിടെയാണ്. ഒരു വിവരവുമില്ലാത്ത ആളായാണ് അദ്ദേഹത്തെ കഥാപാത്രമാക്കാറുള്ളത്. പക്ഷേ ഇവിടെ ആവലാതി സംബന്ധിച്ച് കിറുകൃത്യമായ ഇംഗ്ലീഷ് പദമാണ് സീതിഹാജി പ്രയോഗിച്ചത്.
അതുകൊണ്ടായിരിക്കണം സീതിഹാജിയുടെ നിയമസഭാ പ്രസംഗത്തിലെ ഏറെ കേട്ടുപരിചയിച്ച ആ നര്‍മം എല്ലാവരും ആസ്വദിച്ചത്. "ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനമാരംഭിച്ചതുകൊണ്ടൊന്നുമല്ല ഇന്ത്യക്കു സ്വാതന്ത്രyം കിട്ടിയത്. ഞാനും നായനാരും ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങിയതോടെ, ഇനി നിന്നിട്ട് കാര്യമില്ലെന്നുകണ്ട് ബ്രിട്ടീഷുകാര്‍ ഓടിപ്പോയതാണ്.' എന്റെ വിദ്യാഭ്യാസം എല്‍.പി (ലോകപരിചയം) മാത്രമാണെന്ന് തുറന്നു സമ്മതിക്കുന്ന സീതിഹാജി, ഇന്റര്‍മീഡിയറ്റുള്ള നായനാരെക്കുറിച്ച് ഇതു പറഞ്ഞപ്പോള്‍ ആര്‍ത്തു ചിരിച്ച കൂട്ടത്തില്‍ ആ മുഖ്യമന്ത്രിയുമുണ്ടായിരുന്നു.
ബാല്യംതൊട്ടുള്ള ജീവിതത്തിന്റെ കഠിന പരീക്ഷണങ്ങളാണ് സീതിഹാജിയിലെ അറിവും അനുഭവങ്ങളും രൂപപ്പെടുത്തിയത്. നിറഞ്ഞൊഴുകുന്ന ചാലിയാറിന്റെ ആഴവും പരപ്പും ഗണിക്കാതെ തുഴയെറിഞ്ഞ് ജീവിതത്തിന്റെ മറുകര കണ്ടതാണ് ആ ബാല്യം. നിലമ്പൂര്‍ കാടുകളില്‍ നിന്നു വന്‍കിടക്കാര്‍ വിലക്കെടുക്കുന്ന മരങ്ങള്‍ കൂട്ടിക്കെട്ടി തെരപ്പമാക്കി കോഴിക്കോട് കല്ലായിയിലേക്കുള്ള യാത്ര. പുഴയുടെ കാണാകയങ്ങളിലേക്ക് കഴുക്കോല്‍ എറിഞ്ഞ് തുഴഞ്ഞുനീങ്ങുന്ന തെരപ്പങ്ങള്‍. കൂലംകുത്തിയൊഴുകുന്ന ചാലിയാറില്‍ നിയന്ത്രണംവിടാതിരിക്കാന്‍ ആറാളുകളുടെ മെയ്ക്കരുത്ത് വേണം ഒരാള്‍ക്ക്. വേഗതക്കാണ് കൂലി. ചുവട് തെറ്റാതെ ആഞ്ഞു തുഴയണം. അതിനിടെ കൊള്ളക്കുവേണ്ടി കയ്യേറാന്‍ വരുന്നവരെ ഒറ്റക്കു നേരിടണം. ഒറ്റത്തോര്‍ത്തും ബനിയനുമായ യൂണിഫോമില്‍ ചാലിയാര്‍ വാര്‍ത്തെടുത്ത ആ മെയ്ക്കരുത്ത് കുടുംബത്തെക്കാള്‍ സമുദായമാണ് അനുഭവിച്ചത്.
കഠിനാധ്വാനത്തിലൂടെ വളര്‍ത്തിയെടുത്ത ബിസിനസ് സാമ്രാജ്യം. ഗതിയറ്റവര്‍ക്കു മുന്നില്‍ ആശ്രയത്തിന്റെ കൈകള്‍നീട്ടി സീതി ഹാജി. പണ്ട് കൂപ്പിലും പുഴയിലും പണിക്കായി കൂടെ പോന്നവര്‍ പലരും ദുരിതങ്ങളുടെ ചുഴിയില്‍ നിവരാനാവാതെ കഴിയുമ്പോള്‍ ഓടിയെത്തുന്ന കൂട്ടുകാരന്‍. സ്കൂള്‍ കുട്ടിയാവുമ്പോള്‍ തുടങ്ങിയ മുസ്ലിംലീഗ് ലഹരി. അത് മൂര്‍ച്ഛിച്ചുവന്നു. ജാഥയില്‍ പോകുന്ന ബാലനായി. സംഘാടകനായി. പണം ചെലവഴിച്ചു പാര്‍ട്ടി പണിതുയര്‍ത്തുന്ന ശില്‍പിയായി. മണിക്കൂറുകള്‍ നീളുന്ന പ്രസംഗത്തിന്റെ ആവേശത്തേരില്‍ അനുയായി വൃന്ദത്തിന്റെ ആഘോഷമായി.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായി. കൊണ്ടോട്ടിയുടെയും താനൂരിന്റെയും എം.എല്‍.എയും കേരള ഗവ. ചീഫ് വിപ്പുമായി. അധഃസ്ഥിതരും ആലംബഹീനരുമായ ജനലക്ഷങ്ങളില്‍ ആത്മവീര്യത്തിന്റെ ഉത്തേജകം കുത്തിവെക്കുന്ന അഭയകേന്ദ്രമായി സീതിഹാജി എന്ന ഗോപുരമുയര്‍ന്നു നിന്നു കേരളരാഷ്ട്രീയത്തിനുമധ്യെ.
സീതിഹാജിയുടെ സര്‍വശ്രദ്ധയും പതിഞ്ഞത് "ചന്ദ്രിക'യ്ക്കുവേണ്ടിയായിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ ആധുനികവല്‍ക്കരണത്തിന് അടിത്തറ പാകിയ ഡയറക്ടര്‍ ഇന്‍ചാര്‍ജ്. ചന്ദ്രികയും മുസ്ലിംലീഗും ആയിരുന്നു സീതിഹാജിയുടെ ഹൃദയം. ഇവ രണ്ടിനുമെതിരെയുള്ള ഏത് ആക്രമണത്തെയും രൂക്ഷമായി തന്നെ അദ്ദേഹം പ്രതിരോധിക്കും.
ചന്ദ്രിക അച്ചുപെറുക്കിയെടുത്ത് അച്ചടിക്കുന്ന കാലം. ഫോട്ടോയും വാര്‍ത്തയും അവ്യക്തമാണെന്നു പറഞ്ഞ് ഒരു പ്രവര്‍ത്തകന്‍ ശക്തമായ വിമര്‍ശനമുന്നയിച്ചു. സീതി ഹാജി മറുപടി പറഞ്ഞു: കഴിഞ്ഞ ദിവസം "സീത ഹാജി' എന്നാണ് എന്റെ പേര് അച്ചടിച്ചുവന്നത്. അന്വേിച്ചപ്പോള്‍ പറഞ്ഞു. അവിടെ സീതി എന്ന് ഇടാന്‍ "വള്ളി' തികഞ്ഞില്ല, തീര്‍ന്നുപോയി എന്ന്.
വിഖ്യാതനായ മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ള കഴിഞ്ഞാല്‍ കേരള നിയമസഭയില്‍ "കോമണ്‍സെന്‍സിന്' പ്രസിദ്ധനായിരുന്നു സീതി ഹാജി എന്ന് പല നിരീക്ഷകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിയമസഭയില്‍ ഗവണ്‍മെന്റിനെതിരെ ആരോപണമുന്നയിച്ചു പ്രസംഗിക്കുന്ന കൂട്ടത്തില്‍ സി.പി.എം സ്വതന്ത്രന്‍ ഒരു കേസില്‍ സീതി ഹാജി പ്രതിയാണെന്ന് പറഞ്ഞു. വ്യാജാരോപണത്തില്‍ ക്ഷുഭിതനായ സീതി ഹാജി തിരിച്ചടിച്ചു. "ബാപ്പയാണ് പ്രതി' എന്ന്. പ്രയോഗം അല്‍പം കടുത്തുപോയി. പ്രതിപക്ഷം ബഹളംവെച്ചു. സഭാ രേഖയില്‍ നീക്കംചെയ്താല്‍ മാത്രം പോരാ, മെമ്പര്‍ മാപ്പു പറയുകയും വേണം. സീതി ഹാജി തയ്യാറല്ല. പ്രശ്നം രൂക്ഷമാകുമെന്ന് കണ്ടപ്പോള്‍ മുഖ്യമന്ത്രി കരുണാകരന്‍ സീതിഹാജിയെ ഒരുവിധം അനുനയിപ്പിച്ച് ഒരു വിശദീകരണം നല്‍കാമെന്നിടത്ത് എത്തിച്ചു. പിറ്റേന്ന് "മാപ്പ്' പ്രതീക്ഷിച്ചിരുന്ന സഭയില്‍ സീതി ഹാജി എഴുന്നേറ്റുനിന്നു പറഞ്ഞു: "ഞാന്‍ ഇന്നലെ പറഞ്ഞതില്‍ ഒരു തെറ്റുമില്ല.' വീണ്ടും കുഴപ്പത്തിലേക്കായോ എന്ന് ഭരണപക്ഷം ബേജാറായി. ഹാജി തുടര്‍ന്നു: "ആ കേസിലെ ഒന്നാം പ്രതി ഒരു ഫാദര്‍ ആന്റണിയാണ്. ഫാദര്‍ എന്നാല്‍ അച്ഛന്‍. മുസ്ലിംകള്‍ അതിനു "ബാപ്പ' എന്നു പറയും. അതേ ഞാന്‍ പറഞ്ഞുള്ളൂ. എല്ലാവരും ചിരിച്ചു. പ്രശ്നം തീര്‍ന്നു.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ. ചന്ദ്രശേഖരന്‍ സഭയില്‍ പറഞ്ഞു: ചത്ത കുതിര എന്നു വിളിച്ച നെഹ്റുവിന്റെ പാര്‍ട്ടിയുടെ കൂടെ ഇരിക്കേണ്ട ഗതികേട് നിങ്ങള്‍ക്കുണ്ടാവാന്‍ പാടില്ല എന്ന്. ഉടന്‍ സീതി ഹാജി തിരിച്ചടിച്ചു: ചത്ത കുതിര എന്നുള്ളത് ഓടുന്ന ഒട്ടകമായി പ്രഖ്യാപിച്ചുകൊണ്ടുവന്ന പാര്‍ട്ടിയോടൊപ്പമാണ് ഞങ്ങള്‍ നില്‍ക്കുന്നത്. നിങ്ങള്‍ക്കങ്ങനെ തിരുത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
വനങ്ങളുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍, മഹാശാസ്ത്രജ്ഞരുള്ള വേദിയില്‍ സീതിഹാജി പ്രസംഗിച്ചു: തേക്ക്, ഈട്ടി തുടങ്ങിയ വിലയേറിയ മരങ്ങള്‍ കൊണ്ട് സാധാരണക്കാരന് വീട് നിര്‍മ്മിക്കാനാവില്ല. അതുകൊണ്ട് സര്‍ക്കാരിന്റെ കൈവശമുള്ള പതിനായിരക്കണക്കിന് ഹെക്ടര്‍ വനങ്ങളില്‍ മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കണം. കുറഞ്ഞ വിലക്ക് തടി ലഭിക്കുന്നതിനൊപ്പം ജനങ്ങള്‍ക്കും വനത്തിലെ പക്ഷിമൃഗാദികള്‍ക്കും ഫലങ്ങള്‍ ഭക്ഷ്യ വസ്തുവായിത്തീരും. മരങ്ങളില്‍ കുരുമുളകും വച്ചുപിടിപ്പിക്കുക. സര്‍ക്കാരിന് വന്‍തോതില്‍ വിദേശനാണ്യം നേടാനും ഇതുകൊണ്ട് കഴിയും. ഈ sൈ്രമറി വിദ്യാഭ്യാസം മാത്രമുള്ള സാധാരണക്കാരനായ പൊതുപ്രവര്‍ത്തകന്റെ നിര്‍ദ്ദേശങ്ങള്‍ കേട്ട് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ ഉന്നതരുള്‍പ്പെട്ട സദസ്സ് അത്ഭുതപ്പെട്ടുപോയി എന്നായിരുന്നു വാര്‍ത്ത. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിച്ചും ബി.ബി.സി. വാര്‍ത്ത കേട്ടും അറിയാത്തത് ചോദിച്ചറിഞ്ഞും അറിവ് നേടുകയും "എനിക്ക് നിങ്ങളെപോലെ വിവരമൊന്നുമില്ല' എന്ന് തുറന്നുപറയുകയും ചെയ്ത പച്ചമണ്ണിന്‍ മനുഷ്യത്വമായിരുന്നു അത്.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ കൊടപ്പനക്കല്‍ വീട്ടിലെ കല്യാണത്തിന് പാചകപ്പുരയിലെ പുകയുന്ന അടുപ്പില്‍ കുനിഞ്ഞിരുന്ന് ഊതുന്ന എം.എല്‍.എ.യും മുതിര്‍ന്ന നേതാവും പ്രതാപിയുമായ സീതിഹാജി നാട്യങ്ങളില്ലാത്ത ഒരു സാധാരണ മനുഷ്യന്റെ വാങ്മയ ദൃശ്യമാണ്. ബാപ്പുകുരിക്കളും സി.എച്ചും വാര്‍ത്തെടുത്ത വ്യക്തിത്വമാണത്. ഒരു സമുദായത്തിന് മുഴുവന്‍ തണല്‍ വിരിച്ചു നിന്ന വന്‍മരം.