സീതി കെ. വയലാര്‍
BgvNh«w
കേരള മുസ്ലിം ചരിത്രത്തിന്റെ ഗതി മാറ്റിയെഴുതിയ ചരിത്ര ഗവേഷകനായ സെയ്തു മുഹമ്മദ് ഈടുറപ്പുള്ള എഴുത്തുകാരനും മികച്ച വാഗ്മിയും കഴിവുറ്റ സംഘാടകനും ദിശാബോധമുള്ള പത്രപ്രവര്‍ത്തകനും ദീര്‍ഘവീക്ഷണമുള്ള സാമൂഹികപ്രവര്‍ത്തകനുമാണെന്ന് തെളിയിച്ചു. താന്‍ കൈവച്ചതിലൊക്കെ വ്യക്തിമുദ്ര പതിയാതെ പോയിട്ടില്ല. അദ്ദേഹത്തിന്റെ കര്‍മനിരതമായ ജീവിതം സാമൂഹിക, സാമുദായിക, സാംസ്കാരികതലങ്ങളില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ വരുത്തി. അദ്ദേഹം ആസൂത്രണം ചെയ്ത കര്‍മപദ്ധതികള്‍, സമ്മേളനങ്ങള്‍, സെമിനാറുകള്‍, കൂട്ടായ്മകള്‍ എല്ലാം സമൂഹത്തിന്റെ സമുദായത്തിന്റെ പുതിയ കാഴ്ചപ്പാടുകള്‍ക്കും ചിന്താധാരകള്‍ക്കും നിദാനമായി.
കേരള മുസ്ലിംകളുടെ നവോഥാനത്തിന് കാരണമായിത്തീര്‍ന്ന പൈതൃകസംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അഭിമാനചിഹ്നങ്ങള്‍ അനാവരണം ചെയ്ത ധാരാളം സെമിനാറുകള്‍ക്ക് രൂപം നല്‍കാന്‍ സെയ്തു മുഹമ്മദിനു കഴിഞ്ഞു. കേരള ഇസ്ലാമിക് സെമിനാറുകളിലൂടെയും മാപ്പിള സാഹിത്യ സെമിനാറിലൂടെയും അദ്ദേഹം സാധിച്ചെടുത്തത് മുസ്ലിം സമൂഹത്തിന്റെ പുതിയ കാഴ്ചപ്പാടുകളും അവയ്ക്കുള്ള ശക്തി സ്രോതസ്സുമായിരുന്നു.
മുസ്ലിംകളുടെ പിന്നാക്കാവസ്ഥ എങ്ങനെ യെന്നു പഠിക്കാന്‍ കേരള മുസ്ലിം സ്ഥിതി വിവരക്കണക്കു തയ്യാറാക്കി. പിന്നീട് പിന്നാക്കത്തിനു പരിഹാരം തേടിയുള്ള പഠനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേക്ക് സമുദായത്തെ സെയ്തു മുഹമ്മദ് തിരിച്ചുവിട്ടു. വിദ്യാഭ്യാസം, സാമ്പത്തിക സുരക്ഷിതത്വം, സാംസ്കാരിക സാഹിത്യ ഔന്നത്യം, രാഷ്ട്രീയ ശക്തി എന്നിവ ഇത് സമുദായത്തിനുണ്ടാക്കി.
മാപ്പിള സാഹിത്യത്തിലെ അമൂല്യനിധികള്‍ കണെ്ടത്താനും ഖനനം ചെയ്തെടുക്കാനും അവ പരിപാലിക്കാനും കഴിയംവിധം മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ക്ക് ഒരു സ്മാരകം വേണമെന്നത് സെയ്തു മുഹമ്മദിന്റെ സ്വപ്നമായിരുന്നു. അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം അതിനുവേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി. വൈദ്യര്‍ സ്മാരക സമിതി സര്‍ക്കാര്‍ രൂപീകരിച്ചു. അതില്‍ അംഗമായി സെയ്തു മുഹമ്മദ് ആവേശത്തോടെ പ്രവര്‍ത്തിച്ചു. പക്ഷേ, സ്മാരകം യാഥാര്‍ഥ്യമായിക്കാണാന്‍ അദ്ദേഹം കാത്തുനില്‍ക്കാതെ വിടപറഞ്ഞു.
ജാതിമത ഭേദമന്യേ കഴിവുള്ളവരെ കണെ്ടത്താനും അവര്‍ക്ക് അവസരം സൃഷ്ടിക്കാനും കിണഞ്ഞു പരിശ്രമിച്ച സെയ്തു മുഹമ്മദ് മതന്യൂനപക്ഷങ്ങളുടെ വഴികാട്ടിയായിരുന്നു. മുസ്ലിം സമുദായ സമുദ്ധാരണത്തോടൊപ്പം യാഹുദ പള്ളിയുടെ നാന്നൂറാം വാര്‍ഷികം ആഘോഷിക്കാനും എസ്.എന്‍.ഡി.പി വാര്‍ഷിക സമ്മേളനങ്ങള്‍ക്കു മോടികൂട്ടാനും സെയ്തു മുഹമ്മദ് സമുദായങ്ങളുടെ നേതൃത്വത്തോട് സഹകരിച്ച് പ്രവര്‍ത്തിച്ചു.
തികച്ചും മതേതര ജനാധിപത്യ കാഴ്ചപ്പാടില്‍ ഉറച്ചുനിന്ന സെയ്തു മുഹമ്മദ് കക്ഷിരാഷ്ട്രീയത്തിനതീതനായിരുന്നു. എങ്കിലും കേരള രാഷ്ട്രീയനേതൃത്വത്തിന് കൊടുങ്ങല്ലൂര്‍ സംഭാവന ചെയ്ത മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിലും, കെ.എം. സീതി സാഹിബിലും സെയ്തു മുഹമ്മദ് എന്ന ഈ കൊടുങ്ങല്ലൂരുകാരന്‍ അഭിമാനംകൊണ്ടിരുന്നു. ഈ കൊടുങ്ങല്ലൂര്‍ സന്തതികള്‍ക്കു പകരക്കാരായി ആരും ഉണ്ടായില്ലെങ്കിലും അവരെക്കുറിച്ചുള്ള ഓര്‍മകള്‍ എന്നും നമുക്കാവേശം പകരുന്നു.
No comments:
Post a Comment