Saturday, November 12, 2011

മേച്ചേരി സദസ്സിലുണ്ട്

രാഷ്ട്രീയ സാഹിത്യമെഴുത്തില്‍ മലയാളത്തിലെ മഹാരാജാവാണ് എം.സി വടകര. "ചോദിക്കൂ; പറയാം' എന്നു ജൈവയന്ത്രം കണക്കെ ചരിത്രം മുഴുവന്‍ ഓര്‍മയില്‍ അടുക്കിവെച്ച പണ്ഡിതന്‍. മലയാള കവിതയ്ക്കുവെച്ച മഷികൊണ്ട് രാഷ്ട്രീയവും ചരിത്രവും വരക്കുന്ന എഴുത്തുകാരന്‍. ആ എം.സി ഒരു മാസികയ്ക്കായി റഹീം മേച്ചേരിയെ ഇന്റര്‍വ്യൂ ചെയ്തു. തന്നെക്കാള്‍ എട്ടു വയസ്സിനിളപ്പമുള്ളവനെ. അപ്പോള്‍ ആരായിരിക്കണം മേച്ചേരി. ആ സാമ്രാജ്യത്തിലെ ചക്രവര്‍ത്തി. അതിവേഗം പോയ്മറഞ്ഞത് ഏഴു വര്‍ഷമാണ്. മേച്ചേരിയില്ലാത്ത കാലം. 2004 ഓഗസ്റ്റ് 21ന്റെ നടുക്കം ഇപ്പോഴുമുണ്ട് ചുറ്റിലും. കയ്യിലൊരു വാരികയും ചുരുട്ടിപ്പിടിച്ച് അലസമായ വേഷവിധാനങ്ങളോടെ റോഡിന്റെ അരികുപറ്റി നടന്നുവരുന്ന മേച്ചേരി. പ്രതിഭകൊണ്ടും പ്രസിദ്ധി കൊണ്ടും തന്നിലുമെത്രയോ താഴെയുള്ളവരുടെ പ്രസംഗമാണെങ്കില്‍പോലും സദസ്സിനുപിന്നില്‍ ഗൗരവത്തോടെ വന്നുനില്‍ക്കുന്ന ശ്രോതാവ്. ജീവിതത്തിലെ ലാളിത്യവും ഭാഷയിലെ ധാരാളിത്തവുംകൊണ്ട് പ്രസിദ്ധനായ പത്രാധിപര്‍.
തന്റെ പരിചിത വൃത്തങ്ങളിലെ മരണം, വിവാഹം, മറ്റു വിശേഷാവസരങ്ങള്‍ എന്നിവക്ക് ഏത് ദുഷ്കരസാഹചര്യത്തിലും നടന്നും ബസ് കയറിയും ചെന്നെത്തുന്ന ആത്മബന്ധം. കണ്ണുരോഗത്തെ തുടര്‍ന്ന് മേച്ചേരി വിശ്രമിക്കുന്ന സമയം. മലപ്പുറത്തിനടുത്ത് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ഉമ്മയുടെ ഖബറടക്ക ചടങ്ങില്‍ മേച്ചേരി നില്‍ക്കുന്നു. കാഴ്ചക്കു നല്ല പ്രയാസമുണ്ട്. ആ പ്രവര്‍ത്തകനുമായി മേച്ചേരിക്ക് അടുത്ത സൗഹൃദ ബന്ധമൊന്നുമുള്ളതായി അറിവുമില്ല. അതുകൊണ്ടു ചോദിച്ചു: ""ബന്ധുക്കളാണോ?''. ""അല്ല; പത്രത്തില്‍ ചരമവാര്‍ത്ത വായിച്ചു കേട്ടു. നമ്മുടെ ഒരു പ്രവര്‍ത്തകന്റെ ഉമ്മയല്ലേ, അതുകൊണ്ടു പോന്നു.'' കണ്ണും കാഴ്ചയുമില്ലാതെ ബസിനു തൂങ്ങിപ്പിടിച്ച് കിലോമീറ്ററുകള്‍ താണ്ടി കൃത്യ സമയത്തെത്തിയിരിക്കുന്നു. അതാണ് മേച്ചേരി. മുസ്ലിംലീഗും മുസ്ലിംലീഗ് പ്രവര്‍ത്തകരുമായിരുന്നു മേച്ചേരിയിലെ ഹൃദയ വൈകാരികതയെ ജ്വലിപ്പിച്ചു നിര്‍ത്തിയ ഘടകങ്ങള്‍. പാര്‍ട്ടിക്കെതിരെ വരുന്ന ഏത് ആക്ഷേപശരങ്ങളെയും പ്രതിഭയുടെ സുദര്‍ശന ചക്രംകൊണ്ട് പ്രതിരോധിച്ചു.
ഇ.എം.എസും പി. ഗോവിന്ദപിള്ളയുമടക്കമുള്ള മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരോട് അതേ സിദ്ധാന്തം വെച്ചു വാഗ്വാദം നടത്തി. മുസ്ലിംലീഗിനും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ നിലനില്‍പിനുമെതിരെയുയരുന്ന ആരോപണങ്ങള്‍ ഏതെങ്കിലും കടലാസു സംഘടനയുടെ നോട്ടീസില്‍ വന്നതായാല്‍പോലും മേച്ചേരി മറുപടി നല്‍കിയിട്ടുണ്ടാവും. അതും മുഖമടച്ച്. പിഴക്കാത്ത കാലവും കണക്കും ഓര്‍മയില്‍ നിന്നെടുത്ത് ഒരു ആഞ്ഞുവീശല്‍. അതുകൊണ്ട് മേച്ചേരിയോട് പൊരുതാന്‍ വന്‍തോക്കുകളെ തന്നെ അടര്‍ക്കളത്തിലിറക്കി പ്രതിയോഗികള്‍.
മേച്ചേരിയുടെ വേര്‍പാടില്‍ അനുശോചിക്കാന്‍ മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സംഗമത്തില്‍ ഇപ്പോള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായ അന്നത്തെ മലപ്പുറം ജില്ലാ കലക്ടര്‍ എം. ശിവശങ്കര്‍ പറഞ്ഞു: ""റഹീം മേച്ചേരി എന്ന പേര് ഞാനാദ്യം കേള്‍ക്കുന്നത് മലയാളത്തിലെ പണ്ഡിതനായ എഴുത്തുകാരന്‍ പി. ഗോവിന്ദപിള്ളയില്‍ നിന്നാണ്. തിരുവനന്തപുരത്ത് ഔദ്യോഗിക ഫയലുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറിലെ മലയാളം സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്. ഗോവിന്ദപിള്ളയാണ് അധ്യക്ഷന്‍. ചര്‍ച്ചക്കിടെ മറ്റൊരാളെ യോഗം നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിക്കൊണ്ട് പി.ജി പറഞ്ഞു: "എനിക്കൊന്നു പോകണം. ആ റഹീം മേച്ചേരിക്കൊരു മറുപടി എഴുതാനുണ്ട്.' ഞാനാദ്യമായി കേള്‍ക്കുകയാണ് ഇങ്ങനെയൊരാളെ. തനിക്ക് ഏറെ ഉത്തരവാദിത്തമുള്ള ഒരു സുപ്രധാന യോഗത്തില്‍ നിന്ന് ഒരാള്‍ക്ക് മറുപടി എഴുതാന്‍ വേണ്ടി മാത്രം പി.ജി ഇറങ്ങിപ്പോകണമെങ്കില്‍ ആളത്ര ചില്ലറക്കാരനാവില്ല. പിന്നീട് ശ്രദ്ധിക്കാന്‍ തുടങ്ങി ആ പേരും എഴുത്തുകളും''.
മേച്ചേരിയുടെ സാന്നിധ്യംപോലും പല പ്രഭാഷകരെയും ആശയക്കുഴപ്പത്തിലാക്കും. മൈക്കിനു മുമ്പിലെത്തിയാല്‍ വരുന്നേടത്തുവെച്ചു കാണാം എന്ന ധൈര്യത്തില്‍ ആഞ്ഞടിക്കുന്നവര്‍ മേച്ചേരി മുന്നിലുണ്ടെങ്കില്‍ അങ്കലാപ്പിലാവും. വാക്കുകളും ആശയവും കിട്ടാതെ പരുങ്ങി, പ്രസംഗം പെട്ടെന്നവസാനിപ്പിക്കുന്ന പല കിടിലന്‍ വാഗ്മികളെയും കണ്ടിട്ടുണ്ട്. ആ പ്രസംഗത്തെ മേച്ചേരി വിമര്‍ശിക്കുമെന്നു ഭയന്നല്ല. മറിച്ച് താന്‍ പറയുന്ന പോഴത്തങ്ങള്‍ അദ്ദേഹത്തിനു മനസ്സിലാകുമെന്നോര്‍ത്ത്. ചരിത്ര പണ്ഡിതരായ വാഗ്മികള്‍പോലും പ്രസംഗത്തിനിടെ മേച്ചേരിയെ ഒന്നു നോക്കും. അബദ്ധമൊന്നും പിണഞ്ഞില്ലല്ലോ എന്ന മനസ്സമാധാനത്തിന്. പ്രസംഗമധ്യേ മേച്ചേരി സദസ്സിലിരിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ആ നിമിഷം തന്നെ സംബോധന ചെയ്യുന്ന ഉന്നതരായ നേതാക്കളും പ്രഭാഷകരുമുണ്ട്. ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ സി.കെ. ഗോവിന്ദന്‍ നായര്‍ അനുസ്മരണ സമ്മേളനം നടക്കുന്ന ദിവസം മേച്ചേരി മലപ്പുറം ചന്ദ്രിക ബ്യൂറോയില്‍ വന്നതായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വാഗ്മിയുമായ പി. ബാലന്‍ പ്രസംഗിക്കുന്നു എന്നറിഞ്ഞപ്പോള്‍ റിപ്പോര്‍ട്ടര്‍ക്കൊപ്പം പത്രാധിപരും പോന്നു. സമ്മേളന ഹാളിനു മധ്യത്തില്‍ മേച്ചേരി ഇരിക്കുന്നത് ആര്യാടന്‍ മുഹമ്മദ്, പി. ബാലനു കാണിച്ചുകൊടുത്തു. "മേച്ചേരിയെപ്പോലുള്ള രാഷ്ട്രീയ പണ്ഡിതന്മാരിരിക്കുന്ന സദസ്സാണിത്' എന്നു പറഞ്ഞായിരുന്നു പണ്ഡിതനായ ബാലേട്ടന്‍ പ്രസംഗം തുടങ്ങിയത്. മേച്ചേരിയുടെ അപാരമായ ഓര്‍മശക്തി ഒരത്ഭുതമായി എന്നും വേറിട്ടുനില്‍ക്കുന്നു. ഓര്‍മശക്തിയുടെ കാര്യത്തില്‍ കേരളത്തിലെ മൂന്നു എഴുത്തുകാരിലൊരാള്‍ എന്നാണ് കവിയും വിമര്‍ശകനുമായ സിവിക് ചന്ദ്രന്‍ മേച്ചേരിയെ വിശേഷിപ്പിച്ചത്. പക്ഷേ തന്റെ ഓര്‍മകളെ പുതുക്കാന്‍ ഏത് ചെറിയ കുട്ടിയോടും അദ്ദേഹം സംശയനിവാരണം നടത്തുമായിരുന്നു. കാലഗണനകളില്‍ താനാണ് ശരി എന്ന പിടിവാശിയുടെ വാലില്‍ തൂങ്ങിനില്‍ക്കില്ല. പക്ഷേ തനിക്കു ശരിയെന്നു തോന്നിയ ആശയം ആരുടെ മുഖത്തുനോക്കിയും നിര്‍ഭയം വിളിച്ചുപറഞ്ഞു.
കേരളത്തിലെ വിദ്യാര്‍ത്ഥി, യുവജന രാഷ്ട്രീയത്തിനു ലോക നിലവാരത്തിലെന്നപോലെ ഗതിമാറ്റം സംഭവിച്ച 196070ലെ കാമ്പസ് ജീവിതം മേച്ചേരിക്കു നല്‍കിയ ആദര്‍ശാടിത്തറ കര്‍മവേദിയാകെ ഊര്‍ജമായി നിലകൊണ്ടു. പദവികള്‍ക്കും പ്രശസ്തിക്കുമപ്പുറം സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയായി അറിവും അനുഭവങ്ങളും ആരോഗ്യവും വിനിയോഗിച്ചു. അധികാര മോഹങ്ങളില്ലാത്ത ആദര്‍ശബന്ധുരമായ ഒരു യുവനിരയെ വാര്‍ത്തെടുക്കാന്‍ മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷനിലും മുസ്ലിം യൂത്ത്ലീഗിലും മേച്ചേരി സ്വാധീനശക്തിയായി. കര്‍മംകൊണ്ടും പാരമ്പര്യംകൊണ്ടും തന്നിലുമെത്രയോ താഴെക്കിടക്കുന്നവര്‍ പദവികളുടെ ഉന്നതങ്ങളിലേക്കു കയറിപ്പോകുമ്പോള്‍ മേച്ചേരി അസ്വസ്ഥനായില്ല.
പത്രാധിപരുടെ പദവിപോലും വ്യക്തിതാല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തില്ല. സ്വന്തം പടവും വാര്‍ത്തയും നിരന്തരം മുന്‍പേജില്‍ പ്രതിഷ്ഠിക്കാന്‍ അവസരവും അധികാരവുമുണ്ടായിട്ടും മേച്ചേരിയിലെ ആദര്‍ശശുദ്ധി അതിനനുവദിച്ചില്ല. ഒരു വേദിയിലും മുന്‍നിരയില്‍ കയറി "ആളു ചമയാനും' പോയില്ല. തനിക്കവകാശപ്പെടാത്ത ഒരു കസേരയിലും കയറിയിരുന്നില്ല. മോഹിച്ചുമില്ല. പാര്‍ട്ടി പത്രത്തിലെ പദവികള്‍ ഉന്നതങ്ങളിലേക്കുള്ള ചവിട്ടുപടിയുമാക്കിയില്ല.
"ഖാഇദേമില്ലത്തിന്റെ പാത' എന്നായിരുന്നു മേച്ചേരിയുടെ ഒരു പുസ്തകത്തിന്റെ പേര്. അതൊരു പുസ്തകനാമം മാത്രമായിരുന്നില്ല. ജീവിതശീലം കൂടിയായിരുന്നു അദ്ദേഹത്തിന്.
പാണക്കാട് പൂക്കോയ തങ്ങളും സി.എച്ചുമായിരുന്നു മേച്ചേരിയുടെ മാതൃകാപുരുഷന്മാര്‍. പൂക്കോയ തങ്ങളെ ഓര്‍മിക്കുന്ന ഓരോ ചടങ്ങിലും മേച്ചേരി തനിക്കു തങ്ങളില്‍ നിന്നു കിട്ടിയ ഉപദേശം ആവര്‍ത്തിക്കും: ""പട്ടിണി കിടന്നാലും ആരുടെ മുന്നിലും അഭിമാനം പണയപ്പെടുത്തരുത്'' ജീവിതത്തിലെയും തൊഴിലിലെയും അനിശ്ചിതത്വം നിറഞ്ഞ ഒരു നിര്‍ണായക സന്ധിയില്‍ ആ വാക്കുകളായിരുന്നു തന്റെ അന്നവും ആത്മധൈര്യവുമെന്ന് മേച്ചേരി പറയും. സി.എച്ചായിരുന്നു മേച്ചേരിയുടെ ഗുരു. തന്റെ ഗൈഡും ഫ്രണ്ടും ഫിലോസഫറുമായിരുന്നു സി.എച്ച് എന്ന് മേച്ചേരി പറഞ്ഞിട്ടുണ്ട്. ചന്ദ്രികയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നതും സി.എച്ച് അതുകൊണ്ട് പൂക്കോയ തങ്ങളെയും സി.എച്ചിനെയും പറയുമ്പോള്‍ മേച്ചേരിയുടെ പദാവലികള്‍ മറ്റൊരു ലോകത്തെ ഭാഷയില്‍ നിന്നാവും. അതില്‍ കൂട്ടിച്ചേര്‍ക്കലോ വെട്ടിത്തിരുത്തലോ സാധ്യമല്ല.ഭാഷയിലെ ഏറനാടന്‍ വീര്യം മലയാളത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവന്നു മേച്ചേരി. കാട്ടുപൂഞ്ചോലകളുടെ കുളിര്‍മയും കൊടുങ്കാറ്റിന്റെ ശക്തിയും ഒരുമിച്ചാവാഹിക്കുന്ന ഗദ്യശൈലി.
തലക്കെട്ടില്‍ തുടങ്ങി അവസാനവരി വരെ ഒറ്റശ്വാസത്തില്‍ തീര്‍ക്കാന്‍ വായനക്കാരനെ നിര്‍ബന്ധിക്കുന്ന രചനാതന്ത്രം. മേച്ചേരിയുടെ നിത്യസ്മരണക്കായി കെ.എം.സി.സി ജിദ്ദകൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ഒരു താജ്മഹല്‍ കെട്ടിയിട്ടുണ്ട്. ഒരു വിശിഷ്ട ഗ്രന്ഥം. ഗ്രെയ്സ് എജ്യുക്കേഷണല്‍ അസോസിയേഷന്‍ സഹകരണത്തോടെ. "റഹീം മേച്ചേരിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍' എന്നു പേര്. ആ വെണ്ണക്കല്‍ കുടീരത്തിലൊന്നു തൊട്ടുനോക്കിയാലറിയാം മേച്ചേരിയന്‍ ഭാഷയുടെ മാസ്മരഭാവം.
ചന്ദ്രിക പത്രാധിപരായി മേച്ചേരി നിയുക്തനാകുമെന്നുറപ്പായ ഘട്ടം. അദ്ദേഹം ഫോണില്‍ വിളിച്ചു പറഞ്ഞു: "നമുക്കൊന്നു നാളെ പാണക്കാട്ടു പോകണം'. തങ്ങളെ കണ്ട് ഗൗരവമായ കാര്യം ബോധ്യപ്പെടുത്താനുണ്ട്. കാര്യവും അദ്ദേഹം പറഞ്ഞു: ""എനിക്കിനി ഒന്നേമുക്കാല്‍ വര്‍ഷമേയുള്ളൂ. ഒരു പത്രാധിപരുടെ ചുമതലയേറ്റെടുത്ത്, മനസ്സില്‍കണ്ടവിധം രൂപകല്‍പന ചെയ്ത് നടപ്പില്‍വരുത്താനുള്ള സമയമില്ല. അതുകൊണ്ട് തല്‍ക്കാലം എഡിറ്റര്‍ സ്ഥാനത്തേക്ക് ഞാനില്ല.
നമുക്ക് എം.ഡിയോട് വിശദമായി സംസാരിക്കണം. പ്രഗത്ഭനായ ഒരു എഡിറ്ററെ തന്നെ കൊണ്ടുവരണം.'' കേരളത്തിലറിയപ്പെടുന്ന നാലു പേരുകളും പറഞ്ഞു. മൂന്നു പേര്‍ മുതിര്‍ന്നവര്‍. ഒരാള്‍ മേച്ചേരിയെക്കാള്‍ ജൂനിയറായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. മൂന്നു പതിറ്റാണ്ടിലേറെ പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ച് ഇരുപത് വര്‍ഷത്തോളം അസിസ്റ്റന്റ് എഡിറ്ററായി ഇരുന്ന ആള്‍ പത്രാധിപരാകാന്‍ പോകുന്ന നിമിഷം സ്വയം പിന്മാറുക. സി.എച്ച് ഇരുന്ന കസേരയില്‍ ഉപവിഷ്ടനാവാന്‍ സര്‍വം സജ്ജമായനേരം അതുപേക്ഷിക്കുക. ചന്ദ്രിക ബന്ധുക്കളുടെ സ്വപ്ന സാഫല്യമുഹൂര്‍ത്തമാണ്. മേച്ചേരി പത്രാധിപരാകുന്ന ആഘോഷ നിമിഷങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നവരോടാണിതു പറയുന്നത്.
കയ്യില്‍വന്ന ഉന്നത പദവി പോലും വിശാല ലക്ഷ്യത്തോടെ വേണ്ടെന്നു വെക്കുന്ന മേച്ചേരിക്ക് സമാനമായൊരാളെ മറ്റെവിടെ കാണും. മനസ്സുനിറയെ സമുദായത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി അലഞ്ഞുനടന്നു ആ സാമൂഹിക പരിഷ്കര്‍ത്താവ്. തനിക്കെന്നുമൊരു ആത്മമിത്രത്തിന്റെ പരിഗണന നല്‍കിയിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി ആ സ്വപ്നങ്ങളൊക്കെയും അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.
അധികാര മുദ്രകളൊന്നും മേച്ചേരിയെ പ്രലോഭിപ്പിച്ചുമില്ല. ആളും അര്‍ത്ഥവും അധികാരവുമുള്ള പ്രസ്ഥാന പത്രത്തിന്റെ അധിപരായിട്ടും അദ്ദേഹത്തിന്റെ യാത്രാ വാഹനം ഏതെല്ലാമോ പത്രക്കെട്ടുകള്‍ കൊണ്ടുപോകുന്ന ഒരു ടാക്സി ജീപ്പ്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലേക്കുള്ള വഴിയില്‍ എതിരെ വന്ന ബസുമായി കൂട്ടിയിടിച്ച് ആ പുലര്‍കാല യാത്രക്കാരന്റെ അന്ത്യം. അത് ഞങ്ങളുടെ പത്രാധിപരായിരുന്നു. വലിയ ആകാശങ്ങളിലേക്കു പറന്നുയരാന്‍ "ചന്ദ്രിക'യ്ക്കു ചിറകും കരുത്തുമായി നിന്ന പത്രാധിപര്‍. കേരളത്തിലെ ന്യൂനപക്ഷ, പിന്നാക്ക ജനതയുടെ അവകാശ പോരാട്ടങ്ങളില്‍ പ്രബുദ്ധതയുടെ വാക്കും വരയുമായിനിന്ന സേനാധിപന്‍. സ്വന്തം പത്രത്തിന്റെ താളുകളില്‍ പടര്‍ന്ന ഹൃദയരക്തത്തില്‍ കുതിര്‍ന്ന് പത്രാധിപരുടെ വിടവാങ്ങല്‍.
മുസ്ലിംലീഗ് മലബാറില്‍ സംഘടിച്ചു തുടങ്ങിയ നാള്‍ മുതല്‍ സമുദായത്തെ സമരസജ്ജമാക്കാന്‍ "ചന്ദ്രിക'യുടെ താളുകളിലൂടെ നയവിശദീകരണത്തിന്റെ തൂലികത്തുമ്പത്ത് കെ.എം. സീതി സാഹിബുണ്ടായിരുന്നു. സീതി സാഹിബ് പോയതറിയിക്കാതെ കനലെരിയുന്ന വാക്കുകളുമായി സി.എച്ച് ആ ദൗത്യം നിറവേറ്റി. സി.എച്ച് ചരിത്രത്തിലേക്കു നടന്നുമറഞ്ഞപ്പോള്‍ ഓരോ വരിയിലും മേച്ചേരി നമ്മെ ബോധ്യപ്പെടുത്തി. ഇതാ ആ പൊന്‍പേന. സമുദായ ശത്രുക്കളെ നിരായുധരാക്കി പോര്‍ക്കളത്തില്‍ അടിയറവു പറയിച്ച സീതിസാഹിബിന്റെയും സി.എച്ചിന്റെയും ആഗ്നേയാസ്ത്രം.
എം.സി തന്നെ പറയട്ടെ: "1970കളില്‍ മുസ്ലിംലീഗിലെ ദൗര്‍ഭാഗ്യകരമായ ഭിന്നിപ്പുകാലത്ത് പ്രധാനപ്പെട്ട പാര്‍ട്ടിയെഴുത്തുകാരെല്ലാം മറുപക്ഷത്ത് ചേര്‍ന്നപ്പോള്‍, പാണക്കാടിന്റെയും സി.എച്ചിന്റെയും പക്ഷത്ത് ഉറച്ചു നിന്നുകൊണ്ട് മേച്ചേരി നയിച്ച ലേഖനയുദ്ധം മറക്കാന്‍ കാലമായിട്ടില്ല. അദ്ദേഹം എഴുതിയുണ്ടാക്കിയ മുസ്ലിംലീഗാണ് ഇന്നു കാണുന്ന ലീഗ്.'' മേച്ചേരിയുണ്ട്. ദൂരെയെങ്ങും പോവാതെ. ഒരു മൗനമന്ദഹാസവുമായി. ഈ ആള്‍ക്കൂട്ടത്തിനുള്ളിലെവിടെയോ ഉണ്ട്.

No comments:

Post a Comment