Thursday, November 10, 2011

ശൈഖുനാ കോട്ടുമല വിജ്ഞാനത്തിന്റെ നിറദീപം

അഭിവന്ദ്യരായ ഗുരുവര്യര്‍ മര്‍ഹൂം ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, നിഷ്കളങ്കതയുടെയും സ്നേഹത്തിന്റെയും നിസ്തുല പ്രതീകം. ആ വിജ്ഞാന നിറദീപത്തില്‍നിന്നും പരന്ന വെട്ടം ഇന്നും ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്ക് അവിരാമം പ്രവഹിക്കുന്നു.
മലപ്പുറം നഗരത്തില്‍നിന്ന് അധികം അകലെയല്ലാതെ കടലുണ്ടിപ്പുഴക്കപ്പുറമുള്ള പെരിങ്ങോട്ടുപുലം ഗ്രാമത്തിലാണ് 1918ല്‍ ശൈഖുനായുടെ ജനനം. പിതാവ് തറയില്‍ കുഞ്ഞാലിയും മാതാവ് പുത്തേടത്ത് യൂസുഫ് മുസ്ല്യാര്‍ മകള്‍ ഫാത്വിമയും. സ്ഥലം മുദരിസ് മൊയ്തീന്‍ മുസ്ല്യാര്‍, അബുല്‍ കമാല്‍ കാടേരി, മുഹമ്മദ് മുസ്ല്യാര്‍ എന്നിവരാണ് ആദ്യകാല ഉസ്താദുമാര്‍. പ്രധാന ഗുരു മര്‍ഹൂം അബുല്‍ അലി കോമു മുസ്ല്യാരുടെ ശിഷ്യത്വത്തില്‍ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലെ ഏഴു വര്‍ഷ ദര്‍സ് ജീവിതത്തിനുശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ ഉപരിപഠനത്തിന് പോയി. 1943ല്‍ വെല്ലൂരില്‍നിന്ന് പ്രശസ്ത വിജയംനേടി. ശേഷം ഊരകം പഞ്ചായത്തിലെ കോട്ടുമല എന്ന ഗ്രാമത്തിന് ഖ്യാതി നേടിക്കൊടുത്തുകൊണ്ട് 11 വര്‍ഷം അവിടെ മുദരിസായി.

ഏഴര ഉറുപ്പിക ശമ്പളം കൊടുത്തിരുന്ന അവര്‍ വെല്ലൂരില്‍നിന്ന് വന്ന മുസ്ല്യാരാണെന്ന നിലയില്‍ 12.50 ഉറുപ്പിക ശമ്പളത്തിലാണ് ശൈഖുനയെ നിയമിച്ചത്. ഉസ്താദ് കോമു മുസ്ല്യാരുടെ താല്‍പര്യത്തിന് വഴങ്ങി അദ്ദേഹത്തിന്റെ മകള്‍ ഫാത്വിമയെയാണ് വിവാഹം ചെയ്തത്. അതില്‍ രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. അബ്ദുര്‍റഹ്്മാന്‍ എന്ന മകന്‍ ചെറുപ്പത്തില്‍തന്നെ മരിച്ചു.
കോട്ടുമലയുടെ ശിഷ്യരായിരുന്നു മര്‍ഹൂം ഇ.കെ. ഹസന്‍ മുസ്ല്യാര്‍, എം.എം. ബഷീര്‍ മുസ്ല്യാര്‍, ടി.കെ.എം. ബാവ മുസ്ല്യാര്‍, ഒ.കെ. അര്‍മിയാഅ് മുസ്ല്യാര്‍ തുടങ്ങിയവര്‍. 1956ല്‍ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ ദര്‍സ് ഏറ്റെടുത്തു. 1963ല്‍ ജാമിഅഃ നൂരിയ്യ ആരംഭിക്കുന്നതുവരെ ഇവിടെ തുടര്‍ന്നു. കേരളത്തില്‍ സനദ് നല്‍കുന്ന ഉന്നത കോളജ് സ്ഥാപിക്കുന്നതിന് ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, സമസ്തയുടെ നേതാക്കള്‍ തുടങ്ങിയവരെ സമീപിച്ച് ചര്‍ച്ച നടത്തി. മഹാനായ ശംസുല്‍ ഉലമാ (നഃമ) മുശാവറ വിളിച്ച് ചേര്‍ക്കുകയും ജാമിഅഃ നൂരിയ്യ അറബിക് കോളജ് തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു.
ത്വരിതഗതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നതിന്റെ ഫലമായി 1963ല്‍ ജാമിഅഃ നൂരിയ്യ അറബിക് കോളജ് ആരംഭിക്കുകയും ചെയ്തു. ജാമിഅഃയെ ജീവനേക്കാള്‍ സ്നേഹിക്കുകയും പുരോഗതിക്ക് അക്ഷീണം യത്നിക്കുകയും ചെയ്ത മഹാന്‍ തുടക്കം മുതല്‍തന്നെ ജാമിഅഃയില്‍ ഗുരുവായി. 1977ല്‍ പ്രിന്‍സിപ്പലായി നിയമിതനായ ശൈഖുനാ മരിക്കുവോളം ആ സ്ഥാനം തുടര്‍ന്നു. 1987 വരെ ജാമിഅഃയില്‍ നിന്നിറങ്ങിയ ഫൈസിമാര്‍ക്കൊക്കെ ആ അമൂല്യ ശിഷ്യത്വം ലഭിച്ചിട്ടുണ്ട്. എന്റെ അഭിവന്ദ്യ പിതാവും ശൈഖുനായും കോളജിന് പിരിവിന് പോകാറുണ്ടായിരുന്നു.

കോളജിന്റെ കാര്യത്തില്‍ രോഗവും ക്ഷീണവും വകവെക്കാതെ ഓടും. പലപ്പോഴും പുലരുമ്പോഴാവും വീട്ടില്‍ തിരിച്ചെത്തുക. അഹ്ലുസുന്നത്തിന്റെ ശത്രുക്കളുടെ വാദങ്ങള്‍ക്കെതിരെ ഗ്രന്ഥങ്ങളുടെ പേജ് നമ്പര്‍ സഹിതം ലക്ഷ്യങ്ങള്‍ സമര്‍ത്ഥിച്ച് ശൈഖുനാ പോരാടി.
സുന്നികള്‍ക്ക് നഷ്ടപ്പെട്ട പള്ളികള്‍ തിരിച്ചെടുക്കുന്നതില്‍ കോട്ടുമല ഉസ്താദും പതിയും ശംസുല്‍ ഉലമയുമായിരുന്നു മുന്‍പന്തിയില്‍. ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയും അനൈക്യമുണ്ടാക്കുകയും ചെയ്യുന്നതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കുന്നതിനിടയിലാണ് ഉസ്താദ് സമസ്തയിലെത്തുന്നത്.
ജീവിതത്തിന്റെ മുഖ്യഭാഗവും സംഘടനക്കുവേണ്ടി നീക്കിവെച്ചു. നാല്‍പതുകളില്‍ മുശാവറ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. സമസ്തയുടെ കീഴ്ഘടകങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമായിരുന്നു.

1957 ഫെബ്രുവരി 9ന് ചേര്‍ന്ന മുശാവറ ശൈഖുനയെ അല്‍ബയാന്‍ പത്രാധിപരായി തെരഞ്ഞെടുത്തു. 1963ല്‍ സമസ്ത ഫത്വാ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ പ്രഥമ കണ്‍വീനര്‍ കോട്ടുമല ഉസ്താദായിരുന്നു. സുന്നി യുവജന സംഘത്തിന്റെ പ്രഥമ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും ഉസ്താദ് തന്നെയായിരുന്നു. 1976 മുതല്‍ മരണംവരെ സമസ്തയുടെ വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡിനുവേണ്ടി ചെയ്ത സേവനങ്ങള്‍ മഹത്തരമാണ്. 1957ല്‍ വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയായി. മരിക്കുന്നതുവരെയുള്ള മുപ്പത് വര്‍ഷക്കാലം ആ സ്ഥാനത്ത് തുടര്‍ന്നു. 212 മദ്രസയുണ്ടായിരുന്നത് ശൈഖുന മരിക്കുമ്പോള്‍ 5500ലധികമായിരുന്നു.
ഏത് കുഴഞ്ഞ പ്രശ്നങ്ങളേയും സ്വതസിദ്ധമായ ഗാംഭീര്യത്തോടെയും പ്രസന്നതയോടെയുമാണദ്ദേഹം കൈകാര്യം ചെയ്തത്. ശരിയെന്ന് ഉറച്ചു വിശ്വസിക്കുന്ന കാര്യങ്ങള്‍ മുഖംനോക്കാതെ പറയുമായിരുന്നു.
സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തന രംഗത്തുതന്നെ പ്രശ്നങ്ങള്‍ ഉത്ഭവിക്കുമ്പോള്‍ പക്ഷം ചേരാതെ യോജിപ്പിച്ചുകൊണ്ട് പോവുകയാണ് മരണംവരെ ശൈഖുന ചെയ്തത്. ഏത് വിഷയവും പഠിച്ചറിഞ്ഞ ശേഷമേ പ്രതികരിക്കുകയുള്ളൂ. തന്റെ വിദ്യാര്‍ത്ഥികളോട് അതിരറ്റ സ്നേഹവും വാത്സല്യവും അദ്ദേഹം പുലര്‍ത്തി. ഏറനാടന്‍ ശൈലിയിലുള്ള വിജ്ഞാന സമ്പുഷ്ടമായ ആ ക്ലാസുകള്‍ കുറിക്കുകൊള്ളുന്ന നര്‍മ്മം നിറഞ്ഞ ഉപമകളാലും സമ്പന്നമായിരുന്നു.

ശക്തിയായ രോഗങ്ങളുടെ പിടിവലയത്തില്‍ അകപ്പെട്ടിട്ടും ജാമിഅഃയിലെ ക്ലാസുകളില്‍ നിഷ്കര്‍ഷത പുലര്‍ത്തി. വിജ്ഞാന പ്രചാരണത്തിനും ആദര്‍ശ സംരക്ഷണത്തിനും ഒരു പുരുഷായുസ് ചെലവഴിച്ച് ആ ധന്യജീവിതം 1987 ജൂലൈ 30ന് വ്യാഴാഴ്ച അവസാനിച്ചു.
(1407 ദുല്‍ഹജ്ജ് 5). പുത്രന്‍ കോട്ടുമല ബാപ്പു മുസ്ല്യാര്‍, മര്‍ഹൂം ശംസുല്‍ ഉലമ, മര്‍ഹൂം കെ.കെ. ഹസ്രത്ത്, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, കിടങ്ങഴി അബ്ദുറഹ്്മാന്‍ മുസ്ല്യാര്‍ തുടങ്ങിയ പ്രമുഖ പണ്ഡിതരും മറ്റ് നേതാക്കളും വിശുദ്ധ ഹജ്ജ് കര്‍മത്തിനായി അന്ന് മക്കയിലായിരുന്നു.
മരണപ്പെടുന്നത് വരെയുള്ള 30 വര്‍ഷം മലപ്പുറത്തിന് സമീപമുള്ള കാളമ്പാടിയില്‍ ആണ് താമസിച്ചത്. മസ്ജിദുറഹ്മാനിയ്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് തന്റെ ഉസ്താദും ഭാര്യാ പിതാവുമായിരുന്ന കോമു മുസ്ല്യാര്‍ അന്ത്യ വിശ്രമം കൊള്ളുന്നതിന് സമീപമാണ് ശൈഖുനയുടെ ഖബര്‍.
ജാമിഅഃയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ശിഷ്യഗണങ്ങള്‍ ഓസ്ഫോജ്നയുടെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനായി സ്വദേശമായ മലപ്പുറത്തിന്റെ ഹൃദയഭാഗത്തുതന്നെ ഒരു ദീനീ സ്ഥാപനം പടുത്തുയര്‍ത്താന്‍ രംഗത്തുവന്നു.
അദ്ദേഹത്തിന്റെ അഭിലാഷം കൂടിയായിരുന്നു മലപ്പുറത്ത് ഒരു ദീനീ സ്ഥാപനം എന്നത്. കോട്ടുമല അബൂബക്കര്‍ മുസ്ല്യാര്‍ സ്മാരക ഇസ്ലാമിക് കോംപ്ലക്സില്‍നിന്നു പുറത്തിറങ്ങിയ ധാരാളം യുവ പണ്ഡിതര്‍ വിവിധ നാടുകളിലായി ദീനീ സേവനം നടത്തി അദ്ദേഹത്തിന്റെ അഭിലാഷത്തിന് സാഫല്യം നല്‍കിവരുന്നു. ഈ മഹല്‍ സ്ഥാപനത്തെ സഹായിച്ച് ഇനിയും വളര്‍ത്തേണ്ടത് വന്ദ്യരായ ഉസ്താദിനെ ആത്മാര്‍ത്ഥമായി സ്നേഹിച്ച എല്ലാവരുടെയും ബാധ്യതയാണെന്ന് പറയേണ്ടതില്ല.
അല്ലാഹു മഹാനുഭാവനോടൊപ്പം നമ്മെയും സ്വര്‍ഗീയ ആരാമത്തില്‍ ഒരുമിച്ച് കൂട്ടട്ടെ;. ആമീന്‍.

Chandrika News

No comments:

Post a Comment